കവിതകൾ

     ആദ്യകാലരാത്രികൾ

കട്ടച്ചേറ് മണക്കുന്ന മോട്ടോർ തറയുടെ മുറി വെള്ളയടിച്ചെടുത്ത്
ആദ്യകാലരാത്രികൾ അതിലാക്കണം
കാറ്റിൽ ചാച്ചൻമാരുടെ മുറുക്കാൻ പൊതിയുടെ ചൂരിനൊപ്പം പാതിവിരിഞ്ഞ നെല്ലിന്റെ പാൽ മണം ഒഴുകി വരണം


രാത്രിയിൽ വരാൽ ഞൊട്ടിയുടെ വെള്ളമെടുക്കും ഗുളും ഒച്ച കേട്ട്

നിന്നിൽ അമർന്ന് കിടക്കണം


തൊണ്ട പൊട്ടി പാടി ചക്രം ചിവിട്ടിയ ചാച്ചൻമാരുടെ തേക്ക് പാട്ടിന് കാതോർക്കണം 

രാത്രിയിൽ പോക്ക് വരവ് നടത്തുന്ന

ഭദ്രകാളിത്തള്ളയെ കൈ കാണിക്കണം


മടയുറയ്ക്കാൻ വലിച്ചെറിയപ്പെട്ട എന്റെ അപ്പൻമാരെ

മുല പിഴിഞ്ഞ് ഞാറിന് കൊടുത്ത 

എന്റമ്മമാരേ 

കട്ടുറുമ്പ് തിന്ന കുഞ്ഞുങ്ങളേ 

പകരം ചോദിക്കാൻ നല്ല ഒരു കുഞ്ഞിനെ തരണേ എന്ന് പാടി തുടങ്ങാം

കറുപ്പും വെളുപ്പും
         ++++++
ഒരിക്കൽ കറുപ്പും വെളുപ്പും
ദൈവത്തിന്റെ നാട്ടിൽ
നടക്കാനിറങ്ങി
കരിദിനം ആചരിക്കുക
കറുത്ത കൈ പുറത്ത് കൊണ്ട് വരിക
വെളുപ്പിനുള്ളിലെ കറുത്ത മനസ്സ്
തുറന്ന് കാണിക്കുക '
ജാഥയ്ക്ക് മുന്നിലെ കറുമ്പൻ അലറുന്നു
വെളുത്ത മനസ്സ്
വെളുത്ത കൈ
വെളുത്ത ദിനം
ഇനി ഇങ്ങനൊക്കെ എന്ന്
പറഞ്ഞ് തുടങ്ങും
എന്ന് പറയാനായിട്ട്
കറുപ്പ് തിരിഞ്ഞപ്പോഴേക്കും
അടുത്ത വീട്ടിലെ കറുത്ത കുഞ്ഞിന്റെ പാൽപ്പുഞ്ചിരിയായ് മാറി വെളുപ്പ്

ഒപ്പമെത്താതെ പോയവർ
===================
അക്ഷരനഗരിയിലെ സ്കൂളിൽ
അന്നും അവധിക്കപേക്ഷയിൽ
വട്ടത്തിൽ കുരിശിന്റെയൊപ്പോടു
കൂടിയ കോറിവരച്ച
എന്റെ അക്ഷരങ്ങളായിരുന്നു
കീറി ദൂരെയെറിഞ്ഞ് കൈ ചൂണ്ടി പുറത്തേക്ക് ടീച്ചർ
അർത്തു ചിരിക്കുന്ന കൂട്ടുകാരെ നോക്കി ഞാനും ചിരിച്ചു
സമ്പൂർണ്ണതയിൽ പെടാത്ത ചിലരും ഉണ്ടെന്ന് അറിയാത്ത മണ്ടൻമാർ.

ദൈവങ്ങൾ
---------------------------- '
ഇതുപോലൊരു വൈകുന്നേരം ദൈവങ്ങളെല്ലാം തേവാരത്തിന് പോയ തക്കം നോക്കി
ഞങ്ങള് കുറേ പ്രതിഷ്ഠ നടത്തി
ബുദ്ധനും ഗുരുവും
അയ്യ സ്വാമിയും
ബാബയും ഫുലേയും
സാവിത്രിയും
മഹാത്മാ അയ്യങ്കാളിയും
അപ്പച്ചനെയും
കറുമ്പൻ ദൈവത്താനെയും
പണ്ഡിറ്റ് കറുപ്പനെയും
കാവിലിന് പണ്ട് നിങ്ങളെ തല്ലിയ പെരിയോറും
ഇരിക്കാൻ ഇടമല്ലാത്തോണ്ട്
അപ്പോ നിങ്ങളൊന്ന് ചെയ്യ്
സ്ഥലം വിട്ടോ
"ഇത് എങ്കൾ ഏരിയാ കിട്ടവരാതേ "...
'  
അവർ
-----------------
തെരുവിലുള്ള രണ്ട് തരം മനുഷ്യരെ കുറിച്ച് മാത്രം ഒരിക്കലും
ഞാൻ ചിന്തിക്കാറില്ല
പോരാളികളും യാചകരും
ഒരുത്തന്റേതെല്ലാം ഞാൻ കവർന്നെടുത്തിരിക്കുകയാണ്
എന്റെതെല്ലാം ആരും കവർന്നെടുക്കാതിരിക്കുന്നതിനാണ് മറ്റവൻ തെരുവിൽ അലറുന്നത്
ആരൊക്കെയോ ചെയ്ത സമരങ്ങളുടെ ഫലമായി
വഴി നടക്കാനും
പഠിക്കാനും/ മുല മറയ്ക്കാനും/
മീശവയ്ക്കാനും
/മുടി മുറിക്കാനും
/ചെരുപ്പ് ഇടാനും /
പെണ്ണ് കെട്ടാൻ പോലും കഴിഞ്ഞ
മലയാളി ചുണ്ട് കോട്ടീ കാറിത്തുപ്പി അവരെ കടന്ന് പോകുന്നു
ചരിത്രത്തിന്റ ഭിത്തിയിൽ തട്ടി തിരികെ വന്നതവന്റ മുതുകത്ത് പതിച്ചറിയാതെ

യാചക നിരോധന മേഖലകൾ പോലെ
നാളെ പോരാട്ട നിരോധന മേഖലകളും വരും
എത്ര ആട്ടിയോടിച്ചാലും
തിരികെ വരുന്ന പൂച്ചകുട്ടിയെ പോലെ പക്ഷെ
അവ രണ്ടും എക്കാലവും തെരുവിൽ ഉണ്ടായിരിക്കും

സുരേഷ് രമേഷിനോട്
----------------------------------------
ഞങ്ങൾ നിങ്ങടെ പിന്നാമ്പുറങ്ങളിൽ വന്ന് നിൽക്കുന്നത് ശേഷിക്കുറവുകൾ കൊണ്ടൊന്നുമല്ല
ഞങ്ങൾ നിങ്ങടെ അകത്തെ മുറികളിൽ കയറാത്തതും അവിടിരിക്കാത്തതും
ചോറ് കാപ്പി ഇത്യാദി സൽക്കാരങ്ങളിൽ ഏർപ്പെടാത്തതും
ചിരിക്കുന്ന നിന്റെ പെങ്ങളെ നോക്കി ചിരിക്കാത്തതും
നിന്റെ ചേട്ടന്റെ മകൾ
മൂന്ന് വയസുകാരി ജാനകി എന്റെ അപ്പൻ അറുപത് കാരനെ സോമാ എന്ന്
നീട്ടി വിളിക്കുന്നതും
അത് കേട്ട് നീയും കുടുംബവും ചിരിക്കുന്നതും
നിന്റപ്പൻ റിട്ടയർ
വില്ലേജ് ഓഫീസർ
LC മെമ്പർ നമുക്ക് ജാതിയില്ലാ വിളംബംരത്തിന്റെ പോസ്റ്റർ അടിച്ച് ഒട്ടിപ്പിക്കുന്നതും
നിന്റമ്മ പ്രിൻസിപ്പാൾ
രാധ സ്റ്റാഫ് റൂമിൽ
വാര്യത്തെ മീര ഉള്ളാടൻ ചെക്കന്റെ കൂടെ ഓടിപ്പോയ കഥ ഉച്ചത്തിൽ പറഞ്ഞ് ചിരിക്കുന്നതും
പെട്ടന്ന് 6 B യിലെ മാലതി ടീച്ചർക്ക് കുടിച്ച് കൊണ്ടിരുന്ന വെള്ളം താഴെപ്പോയപ്പോൾ
സോറി എനിക്കങ്ങനൊന്നുമില്ല എന്ന് പറഞ്ഞതും
എല്ലാം
എല്ലാം
ഇതൊന്നും ഞങ്ങടെ കോംപ്ലക്സല്ല
വളർച്ചയെത്തിയ ലോകത്തിൽ മുപ്പെത്താതെ പിറന്ന പോലുള്ള നിന്റെ ആൾക്കാരുടെ കുറവുകളാ
എടാ മൈരേ
പോയി
മനുഷ്യനാകെടാ ...

Comments