കവിതകൾ
ദിവസം
------------
ഇന്നത്തെ ദിവസത്തെ
കൊന്ന് കളഞ്ഞ് നാളത്തെ
ദിവസത്തെ
ജനിപ്പിക്കുന്ന ആ(വ്യ)ഭിചാരിണിയത്രേ
രാത്രി
മനുഷ്യരെല്ലാം അവളുടെ സന്തതികളും
അകത്തിവച്ച അവളുടെ ഇടയിലേയ്ക്ക് കയറിപ്പോയൊരു വെളിച്ചം
തുട കീറി പുറത്തേക്ക് വരുന്നതാണ് പകൽ
വെളിച്ചത്തിൽ ഇണചേർന്ന്
ജനിച്ച കുഞ്ഞുങ്ങളെല്ലാം
പിറവിയിലേ വിശുദ്ധരായർ
സ്വന്തം ചോര കൊണ്ട്
ജ്ഞാനസ്നാനം ചെയ്യപ്പെട്ടവർ
മുറിവ്
.............
കാതലിന് വെട്ടേറ്റ മരത്തെ നോക്കുക
പച്ചയ്ക്ക് ചിറകൊരെണ്ണം മുറിയ്ക്കപ്പെട്ട കിളി
കുതിയ്ക്കാൻ തുടങ്ങിയപ്പോൾ കമ്പ് കൊണ്ട് കണ്ണൊരെണ്ണം പോയ പുലി
ഇവയൊക്കെ എത്ര മുറിവേറ്റതായിരിക്കാം
പക്ഷേ എപ്പോഴെങ്കിലും
ബാല്യത്തിൽ അമ്മ മരിച്ച ആളുകളുടെ ഹൃദത്തിലേക്ക് നോക്കിയിട്ടുണ്ടോ നിങ്ങൾ
അത്രയും ആഴത്തിൽ മുറിവേറ്റ മറ്റൊന്നും ഭൂമിയിൽ കാണാനാവില്ല
ക്രിസ്ത്മസ്
-------------------
നിറ വയറുമായ്
അവർ രണ്ടു പേരും ഓടിനടന്നത്
ആരും കയറ്റാത്തത് കൊണ്ട് തന്നയാണ്
ഒരു കീറപ്പായും കുടുസു മുറിയും കിട്ടിയിരുന്നേലും മതിയാരുന്നു
ഒരമ്മയും മനപ്പൂർവ്വം കച്ചിക്കൂന തിരയില്ലല്ലോ
മരണശേഷം മഹത്വവും വിശുദ്ധിയും ഒരു പുതുമയല്ലല്ലോ
താണവനു വേണ്ടി ജീവിച്ചവനേ
നിനക്ക് സ്തോത്രം
ഇര
------------------
വിശക്കുന്നവന്റെ
നീതിശാസ്ത്രത്തെ
പുകഴ്ത്തുന്നവർ
സൗകര്യപൂർവ്വം മറക്കുന്നു
വേട്ടക്കാരൻ മാറ്റിമറിക്കപ്പെടുന്ന
ഒരു ബിംബമാണെന്നും
അവന്റെ നീതിശാസ്ത്രം
ചിലപ്പോഴൊക്കെ
ശരിയാണെന്നും.
നവോത്ഥാനം
---------------------------
ഒന്നിച്ച് ഭജനകഴിഞ്ഞ്
അമ്പലത്തിന്റെ പുറത്തിറങ്ങീ
"തങ്കമണി വീട്ടിലേയ്ക്കെതു വഴിയാ"
ആ 30 കാരി ചോദിച്ചു
വെറും 80 കഴിഞ്ഞതേ ഉള്ളൂട്ടോ
തങ്കമണിക്ക്
2 ജാതിയാണത്രേ
2 ആളും
സ്വാമിയേ ശരണമയ്യപ്പാ......
അന്ധതയുടെ നിറം ചുവപ്പാണ്
*****************************
കൃഷ്ണന്റെ ഫോട്ടോയ്ക്ക് താഴത്തെ
ഭസ്മ തട്ടിലാണ് സ്ഥാനം രണ്ടിനും
ചെ ഗുവേര ബാൻഡും രാഖിയും
അലമാരിയിൽ മുണ്ട് രണ്ടും ഒന്നിച്ചും
ചുവപ്പും കാവിയും
കുളിക്കുമ്പോൾ അച്ചൻ പറഞ്ഞ കേട്ടു അടുത്ത വാർഡ് ഇലക്ഷൻ
മേലാത്തേ ഗിരിജാമ്മയാണ്
സ്ഥാനാർത്ഥിയെന്ന്
കവലയിൽ യൂണിയൻകാര് പറഞ്ഞത്രേ
കരയോഗ കമ്മറ്റിയും വനിതാ സംഘവുമാണ് അമ്മയുടെ പ്ലസ് പോയന്റ്
കോളനീലെ രാജേഷിന്റെമ്മ ലീലയ്ക്ക്
പേരിന് പോലും ഗുമ്മില്ല
പാവം രാജേഷ്
വല്യപ്പന്റെ അരയണ സമരവും അച്ചന്റെ മിച്ചഭൂമി സമരവും
തന്റെ സ്വാശ്രയ സമരവും
ജയിലും ചുമയുമൊന്നുമല്ല
കാര്യമെന്ന് അവനറിയില്ലല്ലോ
ഒരു വെറൈറ്റിക്ക് ചുവപ്പുടുത്താണ് അന്നമ്പലത്തിൽ പോയത്
കവലയിലെ ചുവപ്പ് കൊടി നരച്ച് ഇപ്പോൾ കണ്ടാൽ കാവിയാണന്നേ തോന്നൂ..'
ഊട്ടാനുള്ള പാലും ഞാനൂട്ടി
തീറ്റാനുള്ള ചോറും തീറ്റി
*****************************
നെഞ്ച് പിടഞ്ഞ് ആളുന്നുണ്ട്
കണ്ണ് നിറഞ്ഞ കൊണ്ട് കാഴ്ച്ചകൾ മറയുന്നു
ഒറ്റക്കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്
തൊണ്ടയിൽ പലതും വന്നു നിറയുന്നു
ഒച്ച പുറത്തേക്ക് വരുന്നില്ല
വാരിയെടുത്തമ്മ കുഞ്ഞിനെ മൂത്തതിനെയും നടുക്കത്തതിനേയും ചേർത്ത് നിർത്തി
മുന്നാളെയും മാറി മാറി നോക്കുന്നു
എന്തോ കണ്ട് മതിയാകാത്ത പോലെ
പെട്ടന്ന് ഓർമ്മ വന്ന പോലെ
അകത്തേക്ക് പോയി
കലത്തീന്ന് നെല്ല് അളന്നെടുത്തു
വറകലത്തിലേയ്ക്ക് ഇട്ട് അത് വറുത്തു ഉരലിലിട്ട് കുത്തി അരിയാക്കി
കലത്തിലിട്ട് തിളപ്പിച്ച് കഞ്ഞിയാക്കി
മക്കളെ വിളിച്ചേപ്പിച്ച് കഞ്ഞിനൽകി
പതിവില്ലാതെ മൂത്തവന് വാരി നൽകി
അത്ഭുതം കൊണ്ട് നോക്കിയ അവനെ ഒരലർച്ചയോടെ കെട്ടിപ്പിടിച്ചു
അമ്മ പോകുവാ മക്കളേ നാളെ പുലർകാലേ തമ്പ്രാൻ വരും
വിറ്റ് നിൻമ്മേ ദൂരേക്ക്.
മിഴിച്ച് നോക്കുന്ന ഇളയവന് മതിയായിട്ടും വാരി നൽകി
കണ്ണീര് കഞ്ഞിക്ക് ഉപ്പായി
മുലഞ്ഞെട്ടിൽ നിന്നും അടർന്ന കുഞ്ഞിന്റെ ചുണ്ട് വീണ്ടും ആർത്തിയോടെ മുലയിലേക്ക് കടിപ്പിച്ചു
ഒരായുസിന്റെ അമ്മിഞ്ഞ മുഴുവൻ
ഒരു രാത്രി കൊണ്ട് കുടിപ്പിക്കാനുള്ള കൊതിയോടെ
ഉറങ്ങുന്ന കുഞ്ഞുങ്ങളെ നോക്കി മതിയാവാതെ ചാരത്തിരുന്നമ്മ
തമ്പ്രാന്റെ വിളിക്ക് കാതോർത്ത്..
Comments
Post a Comment