എന്റെ കവിതകൾ

ആലത്തൂർ

---------------------------------

ശോ! ഈ നാശം പിടിച്ച സംവരണം

ഇല്ലായിരുന്നെങ്കിൽ 

ഈ മലരന്റെ പോസ്റ്ററൊട്ടിക്കേണ്ടി വരില്ലായിരുന്നു.


നല്ലതറവാടിയായ എന്റെയൊരു

ഗതികേടേ

അതിന്റെ കൂടെ ഡോക്ടറും 

ചുമ്മാ  ചംവരണം കൊണ്ട് 

കിട്ടിയതല്ലേ

ഇവനൊന്നും പഠിക്കേണ്ടല്ലോ 

വെറുതേപ്പോയാൽ പോരേ


നമ്പൂരിപ്പാടിന്റെ കാലം കഴിഞ്ഞപ്പോഴെ പാർട്ടി കുത്തഴിഞ്ഞു 

ഇപ്പോഴൊക്കെ ചോകോ: കൂ മോ 

കാലമല്ലേ ശിവ ശിവ


ബ്രാഞ്ച് സെക്രട്ടറി 

നാരായണൻ നായർ 

ആ ശപിക്കപ്പെട്ട 

സംവരണമണ്ഡലത്തിൽ 

ഇലക്ഷൻ പ്രവർത്തനത്തിലാണ്..


2


ഞങ്ങടെ മഴക്കാല പ്രഭാതങ്ങൾ 


പത്രത്തിൽ സ്കൂൾ അവധി

എന്ന് മാത്രം വായിക്കാൻ ഉണരുന്നതായിരുന്നു

നനഞ്ഞിരിക്കുന്ന ബീഡി അടുപ്പത്ത് കൊണ്ട് വച്ച്

നീ വല്ലതും കഴിച്ചോടീ എന്ന് ഉച്ചത്തിൽ ചോദിച്ച്

അരിക്കലം തപ്പുമ്പോൾ

ഇതാണോ വേണ്ടത്

കൊച്ചിനെ

മെഡിക്കൽ കോളേജിൽ

കൊണ്ടു പോകാൻ വച്ചതായിരുന്നു എന്ന് പറഞ്ഞ് അമ്മ നീട്ടിയ അമ്പത് രൂപ

എന്ത് ചെയ്യണമെന്നറിയാതെ നിന്ന അപ്പൻ

ചിരിയും കരച്ചിലുമായിരുന്നു

ചിലപ്പോൾ വണ്ടിക്കൂലി

നാല്പത് പൈസക്ക്

മുട്ടായി വാങ്ങി തിന്ന്

പാന്റിന്റെ അറ്റം മടക്കി വച്ച് ഒരു നടപ്പാണ് മഴയത്ത്

8.45 ന്റെ ബിനി പോയാലും അതിൽ പേരൂരിന്ന് വരുന്ന പിള്ളേരെ

കിഴക്കേ നടയിൽ വച്ച്

കോളനി വഴി കയറി വന്ന് ഞങ്ങൾ ഓവർ ടേക്ക് ചെയ്യാറുണ്ട്

പുസ്തകം വന്നിട്ടുണ്ട്

സ്റ്റോറി ലോട്ട് ചെല്ല് എല്ലാരും

താനും പോയി വാങ്ങിച്ചോ ഗ്രാന്റീന്ന് പിടിച്ചോളാം

ഗീത ടീച്ചറാണ്

പലക മറയിലെ നീല കോട്ട്കാരനപ്പോൾ വെറുതേ ഓർമ്മയിൽ വരുന്നതല്ല

കള്ള് മണക്കുന്ന ചുണ്ടുകൊണ്ടപ്പൻ പറഞ്ഞ് തന്നതാ ബാബയേ

വൈകുന്നേരം തണുപ്പിനൊപ്പം പറയാതെ വരുന്ന

പനിയും ചുമയും

ശ്വാസം മുട്ടലും

മുടക്കാറുള്ളത് ക്ലാസുകളെയല്ല

പാറമടയിലെ കുളികളെയാണ്

കുടി നിർത്തിയ അപ്പന്

ഒരു കുപ്പി ഒഴിച്ച് കൊടുത്ത് അമ്മയെ ഓർമ്മയിൽ നിന്ന്

വിളിച്ച് കൊണ്ട് വന്ന്

അമ്പത് രൂപ കൊടുക്കാൻ പറയണമെന്നുണ്ട്

          3

ക്ഷമയുടെ പരിധി

---------------------------------------

അണ്ണാന്  ആനയെ

എത്ര നാൾ 

ഭയപ്പെടുത്താൻ കഴിയും

 ക്ഷമയുടെ പരിധി വരെ


കൊച്ചു കുട്ടി അടിക്കുമ്പോൾ നമ്മൾ കരയുന്നത് 

അവൻ കുട്ടി ആയത് കൊണ്ടാണ്


കാട്ടുതീയിൽ ഉണക്കക്ക്

 വേഗം തീ പിടിക്കും 

പച്ചമരം പയ്യേ കത്തൂ


ആമസോണും ആദ്യമൊരു അരുവിയാണ്

മുണ്ടകത്തോട് പോലെ


കൊല്ലാൻ ഒരാൾ തുനിഞ്ഞിറങ്ങിയാൽ മരിക്കാതെ മറ്റു മാർഗ്ഗമില്ല


മതി മതി നിർത്തൂ 

മതിലു വരെ അവർ പിന്നിലേക്ക് മാറി 

മടങ്ങുക നിങ്ങൾ  

അല്ലങ്കിൽ വംശം ഒടുങ്ങിടും

4

നിങ്ങൾക്ക് ഒരു മൈരും അറിയില്ല

- - - - - - - - - - - - - - - - - - - - - -


 നിങ്ങൾ എപ്പോഴും പറയും ഞങ്ങളെ അറിയാമെന്ന് കള്ളമാണെന്നറിഞ്ഞിട്ടും ഞങ്ങളത് ചിരിച്ച് തള്ളാറുണ്ട് 


ഞങ്ങടെ പഞ്ചായത്ത് കിണർ വരേ 

നിങ്ങൾക്ക് ഞങ്ങളുള്ളൂ 

പിന്നീട് ഞങ്ങളെല്ലാംകോളനിക്കാരാ 


കോളനിലാണേലും വർക്കത്തുണ്ട് കോളനിലാണേലും വൃത്തിയുണ്ട് കോളനിലാണേലും നിറമുണ്ട് കോളനിലാണേലും ഐശ്വര്യമുണ്ട് കോളനിലാണേലും ഡീസന്റാ 


ദഹിക്കാതെ ഉള്ളിൽ കിടക്കുന്ന ഭക്ഷണമാണോ 

നിങ്ങൾക്ക് ഞങ്ങൾ

 

ഒരു ഭിത്തിക്കപ്പുറം വേറൊരു വീട് 

അവടപ്പന്റെ ഏമ്പൊക്കത്തിന് എന്തോ വിളി കേൾക്കുന്ന എന്റപ്പൻ 


അമർത്തിപ്പിടിച്ച ചിരികളെ തലയിണയ്ക്ക് കടിച്ച് നൽകിയ ഞങ്ങടെ പെണ്ണുങ്ങൾ


 നന്മ നിറഞ്ഞ മറിയത്തിനെ അമ്പെയ്ത് വീഴ്ത്തിയ കാട്ടാളൻ 

ഇവയൊക്കെ നിങ്ങൾക്ക് കൗതുകവുംതമാശയുമായിരിക്കാം

 

കുഴിഞ്ഞ കണ്ണിൽ വെള്ളം നിറയുന്ന നൊമ്പരമാണ് ഞങ്ങൾക്കത്

5

റോഡ്

               ===========

ചില മനുഷ്യർ റോഡുകൾ പോലെയാണ്

നമ്മുടെ കാലടിക്ക് അടിയിൽ ഒരേ കിടപ്പ് കിടക്കും

മിണ്ടാതെ അനങ്ങാതെ വർഷങ്ങളോളം


ഒരോ റോഡുകൾക്കും ഒരോരുത്തർക്കും 

എത്ര കഥകൾ പറയാനുണ്ടാവും


കണ്ണീരിന്റെ ഭാരം വഹിക്കലിന്റെ അവഗണയുടെ ഒത്തിരി ഒത്തിരി കഥകൾ


പ്രതിക്ഷേധത്തിന്റെ പൊട്ടിത്തെറികളെ ഉടൻ 

അറ്റകുറ്റപ്പണി എന്ന പേരിൽ നമ്മൾ അടക്കാറുണ്ട്

ആശ്ചര്യം തോന്നുന്നു

ഒരിക്കൽ പോലും എണീറ്റ് ഒന്ന് ഓടിപ്പോകാൻ ഇവറ്റയ്ക്ക് തോന്നില്ലേ 


മനുഷ്യർക്ക് നല്ല ഭയം ഉണ്ടായിരിക്കാം 

എല്ലാം തകിടം മറിയുമോ എന്ന്

ടാർ ഉരുക്കി  അമർത്തി ഉരുട്ടി പരത്തി വയ്ക്കുന്നത് അതിനാലാവാം.

6

ചാത്തനേറ്

== *===*===*===

കറുത്ത ഉടലുകൾ ചക്രം ചവിട്ടി പോകുന്ന 

വൈകുന്നേരം

കവലയിലെ  അറുപതിന്റെ ബൾബു കത്തുന്ന ഉണക്കമീനിന്റെ മണം പരത്തുന്ന ചുണ്ണാമ്പ് പാത്രം വെള്ളയടിച്ച ഭിത്തിയുള്ള ചാക്കോ മാപ്ലയുടെ പലചരക്ക് കടയിൽ 


രണ്ട് കിലോ അരി

നൂറ് കാപ്പിപ്പൊടി

നൂറ്റമ്പത് വെളിച്ചെണ്ണ 

കടുകമ്പത് 

നൂറിഞ്ചി 

അമ്പത് പച്ചമുളക് 

ഒര്കൂട് ബാബു ബീഡി


ഇവ വാങ്ങിച്ച്

മടങ്ങുന്ന രേഷമയെ കാത്തിരിക്കുന്നു 

പഞ്ചായത്ത് കിണറിന്റെ പൈപ്പിൻ ചോട്ടിൻ  വലിയൊരു വെള്ളമൂർഖൻ

പാവാടയുടെ അടിയിലെ കറുത്ത കൊഴുത്ത തുടയിൽ കടിക്കാനാഞ്ഞവന്റെ മുതുകിന് ഒരു അടി

കാലം മാറി മൈരേ ഞങ്ങടെ പിള്ളേര് വരുന്ന വഴിക്ക് കുറുകേ കിടന്നാൽ തല ഞാൻ പൊകയ്ക്കും മണിച്ചേട്ടനാണ്.


ഞാറാഴ്ച്ച പള്ളിയിൽ പോകാനിറങ്ങിയവർ കണ്ടു

തലയിൽ കെട്ടുമായി ജോണിക്കുട്ടി 

തുന്നൽ പന്ത്രണ്ടാണ്

ചാത്തനേറ് ഇപ്പോഴും ഉണ്ടത്രേ

*കറുത്ത പുണ്യാളനൊരു ഊട്ട് നേർച്ച വെക്കണം

 മാപ്ലച്ചി അന്നമ്മയുടെ ഗദ്ഗദം 


[സെൻറ് മാർട്ടിൻ പുണ്യാളൻ]

Comments