കവിതകൾ
കുമ്പസാരം
*************
കുട്ടാമ്പുറത്തൂന്ന് രണ്ടെണ്ണമടിച്ചിട്ട്
മാന്നാനം വഴി പോന്നപ്പോൾ കുഞ്ഞൂഞ്ഞിനൊരു മോഹം
കർത്താവിനെ രണ്ട് പറയണം
ഇങ്ങേരോട് രണ്ട് വർത്താനം പറയാനുണ്ടെനിക്ക് ഇങ്ങാട്ട് നോക്ക് കർത്താവേ
ഞങ്ങടെ കാർന്നോൻമാരെ പള്ളീചേർത്തപ്പോൾ പറഞ്ഞില്ലായിരുന്നാരും
ഇവിടേം ഞങ്ങൾക്ക് പെലയുണ്ടെന്
ഈ സെമിത്തേരീന്ന് എന്റ
വല്യപ്പന്റെ ശവം തോണ്ടി എറിഞ്ഞപ്പോ വേണ്ടന്ന് പറയാൻ നിങ്ങടെ വായിൽ പഴമായിരുന്നോ കർത്താവേ
നിങ്ങടെ തന്തേടേം തള്ളേടേം പേരിട്ടിട്ട്
മറിയ പെല്ലക്കിളി ഔസേപ്പ് പറയാ എന്ന് വിളിക്കുന്നതേത് പുത്തകത്തിലെയാ കർത്താവേ.
അല്ലേലും നിങ്ങക്കുത്തരമില്ലന്നറിയാം
ഞാനെന്റെ സമാധനത്തിന് പറഞ്ഞതാ
കടല മണക്കുന്ന രണ്ട് വെള്ളി രൂപ നേർച്ച കുറ്റിൽ ഇട്ട് കുരിശ് വരച്ച് ചാത്തുണ്ണി പാറയ്ക്ക് നടന്നു കുഞ്ഞൂഞ്ഞ്
ജാതി
---------------
നീ അദൃശ്യതയിൽ നിർത്തിയിരിക്കുന്ന ഒന്നിനെ എനിക്ക് ദൃശ്യമാക്കുന്നത് എന്റെ ജീവിതമാണ്
നീ വെറുതേ ഇല്ല ഇല്ല
എന്ന് പറയുമ്പോൾ
ഞാൻ കാര്യമായ് തന്നെ ഉണ്ട് ഉണ്ടെന്ന് പറയുന്നു
എന്റെ അനുഭവത്തിലും വലുതല്ല നിന്റെ കപട നിഷ്കളങ്കത
ഇഷ്ടങ്ങൾ
---------------------
അത്രമേൽ ഇഷ്ടമില്ലാതെ ഞാൻ ഒന്നും ചെയ്യാറില്ല
ഇഷ്ടക്കേട് കൊണ്ട് ചെയ്യുന്നതൊന്നും ശരിയാകില്ല
സോമന്റെ കടയിലെ ചായയും വടയും
വർക്കിടെ ബീഡിയും മുറുക്കാനും
പുഷ്പന്റെ ഷാപ്പിലെ കള്ളും കറിയും
എക്സ് മിലട്ടറി ക്യഷ്ണൻ പിള്ളയുടെ ഭാര്യ രാധ
അങ്ങനെ എന്റെ ഇഷ്ടങ്ങളുടെ പട്ടിക നീണ്ടതാണ്
.
മണി അവൾ എന്റെ വേറൊരിഷ്ടമായിരുന്നു
അല്ല ഏറ്റവും ഇഷ്ടമായിരുന്നു ഇഷ്ടങ്ങളിൽ മുഴുത്ത ഇഷ്ടം
കുപ്പ പെറുക്കുന്ന പാണ്ടി കൊച്ച് എട്ട് വയസുകാരി
അവളെ രാത്രിയിലവർ എടുത്തോണ്ട് പോയപ്പോൾ
ഞാൻ മിണ്ടാതിരുന്നത്
ഇഷ്ടം കൊണ്ടാണ്
എന്നോടുള്ള ഇഷ്ടം കൊണ്ട്
തെണ്ടി നടക്കുന്നവന് പോലും അവനവനോടെന്തിഷ്ടം
ഓട്ടോസ്റ്റാൻഡിന് പുറകിലെ
ഞാൻ നട്ട ബദാമിൽ
ഇeപ്പാൾ കയറി ഇരിക്കുന്നതും
വേറൊരിഷ്ടമാണ്
എനിക്കൊത്തിരി ഇഷ്ടമുള്ളവർ നോക്കി നിൽക്കുമ്പോൾ
ഏറെ ഇഷ്ടത്തോടെ നാളെ എനിക്ക് ആടി നിൽക്കണം
എൻറവൾക്ക്
-------------
വാടക വീട്ടിലെ പാത്രങ്ങളോട് കിന്നാരം പറഞ്ഞ്
മുറികളോട് നെടുവീർപ്പെട്ട്
കതകിനേം ജനലിനേം വഴക്ക് പറഞ്ഞ്
വഴിക്കണ്ണുമായി നോക്കിയിരിക്കുന്നുണ്ടവൾ
ലോകത്തെ മുഴുവൻ ചുരുട്ടി ബൈക്കിന്റെ ടാങ്ക് കവറിൽ ഒതുക്കി വച്ച്
അവളിലേയ്ക്ക് മാത്രമായ്
ഇറങ്ങണം
മറ്റൊന്നിനും തരാനാവില്ല കുഞ്ഞേ
നിന്റെ സാമിപ്യത്തിന്റെ സന്തോഷം
Comments
Post a Comment