കവിത
ഗയിം
----------
ഓടുന്ന ട്രയ്ൻ
നമ്മൾ കയറി നിമിഷങ്ങൾക്കകം
ഒരു മുറിയായി രൂപം മാറുന്ന
കമ്പാർട്മെൻറ്
ഇരുവശങ്ങളിലും
മുകളിലും താഴെയുമായി
രണ്ട് വിദ്യാർത്ഥിനികൾ
ഒരു സർക്കാർ ഉദ്യോഗസ്ഥൻ
രണ്ട് പോലീസുകാർ
കൂടെ ഒറ്റക്കണ്ണൻ പ്രതി
ഒരു അതിഥി ജോലിക്കാരൻ
ഒരു പുസ്തക കച്ചവടക്കാരൻ
ഇതിനിടയിൽ
ഒരു കൊച്ച് കുഞ്ഞ്
അമ്മയുടെ മടിയിൽ
മൊബൈലിൽ
അവളുടെ ലോകം തീർക്കുന്നു
ചുറ്റുനിന്നും
പതിനേഴ് കണ്ണുകൾ
അവളുടെ ഗയ്മിൽ
അവൾ ജയിക്കുമ്പോൾ
അവരും ജയ്ക്കുന്നു
അവൾ തോൽക്കുമ്പോൾ
അവളെക്കാൾ നിരാശ
അവർക്കും
നോക്കൂ
ഒമ്പത് ലോകത്തിലേയ്ക്ക്
അതിന്റെ വെറുപ്പിലേയ്ക്ക്
മടുപ്പിലേയ്ക്ക്
ആർത്തിയിലേക്കാക്കെ
പോകേണ്ടവരെ
എത്ര നിസാരമായാണവൾ
തന്നിലേയ്ക്ക് വീഴ്ത്തുന്നത്
അതെ ഗയിം
ഒരു ചതിക്കുഴി തന്നെയാണ്.
2019
Comments
Post a Comment