കവിതകൾ

[സെൻറ് മാർട്ടിൻ പുണ്യാളൻ]

7

കുന്നിൻ മുകളിലെ സായാഹ്നങ്ങൾ

.....................................

നിറയെ ചരലുകൾ വിതറിയ

കുന്നു കയറി ഞാൻ ദിവസവും മുകളിലേയ്ക്ക് പോകും 

അവിടെ ഒരു പെരുവയറൻ 

വാട്ടർ ടാങ്ക് നാലപ്പത്താറ് കാലുകളിൽ നിൽക്കുന്നുണ്ട്


ആ കുന്നിന്റെ മുകളിൽ നിന്ന് നോക്കിയാൽ 

ദൂരെ കായലിലൂടെ കക്കവാരി പോകുന്ന വള്ളങ്ങൾ കാണാം

ശാതാംകോട്ടയ്ക്ക് പോകുന്ന 

ബോട്ട് കാണാം 

മുകളിൽ സ്രാങ്ക് കുഞ്ഞാപ്പിയേയും കാണാം


TS NO: 231 ഷാപ്പിലെ ലൈറ്റ് തെളിയാറായില്ല

തെളിയുമ്പോൾ ഇവിടന്നും ഇറങ്ങണം

എത്ര വർഷമായി ഈ പതിവ് ആവർത്തിക്കുന്നു 


അവരാരും അവിടന്നും എന്നയും 

ഈ വാട്ടർ ടാങ്കിനേയും നോക്കാറില്ല

ചിലരങ്ങനാ എല്ലാം എല്ലായിടത്തും ഉണ്ടേലും ആരും ഒന്നും കാണാറില്ല


ഒരിക്കൽ ഞാനീ വാട്ടർ ടാങ്ക് മറിച്ചിടും അന്നെല്ലാവരും പറയും ടാങ്കവിടെ കാണുന്നില്ലല്ലോയെന്ന്

അന്ന് ഞാൻ ബോട്ടിൽ കയറി ശാസ്താംകോട്ടയ്ക്ക് ഒറ്റ പോക്ക് പോകും

8

ബുദ്ധനും ഞാനും

~~~~~~~~~~~~

ചിലപ്പോഴൊക്കെ ഞാനൊരു ബുദ്ധനാകാറുണ്ട്

നിന്റെ പ്രണയത്തെ 

എന്റെ മരണത്തെ 

പേ പിടിച്ച മനുഷ്യനെ അങ്ങനെ

ചിലതിൽ നിന്ന് ഓടിയൊളിക്കാൻ

ഞാനൊരു കുഞ്ഞ് ബുദ്ധനാകാറുണ്ട്


ഉൾവലിയുകളെ ഒറ്റവാക്കിൽ ആത്മീയം എന്ന് സിദ്ധാർത്ഥൻ വിളിച്ചെങ്കിൽ ഞാൻ തീർത്തും നിരുത്തരവാദപരമായി

അവയെ കവിത എന്ന് വിളിക്കുന്നു


ഇറങ്ങി നടക്കാറുണ്ട് ഭിക്ഷതെണ്ടാറില്ല

കരയാറില്ല ചിരിക്കാറുണ്ട് ഭ്രാന്തൻ ചിരി

അങ്ങനെ അങ്ങനെ അങ്ങനെ

ഒരു കറുത്ത ദളിതനായ ബുദ്ധൻ

തെണ്ടി നടക്കാൻ അനുയായികളെ സൃഷ്ടിക്കുന്നില്ല എന്ന് മാത്രം


9

സാമ്യം

***********

പലപ്പോഴും ഞാനോർക്കാറുണ്ട്

ഞങ്ങടെ സാമ്യങ്ങളെ പറ്റി


വെഞ്ഞാറമ്മൂടും വൈക്കത്തും വടകരയിലും വളാഞ്ചേരിയിലും

എവിടാണേലും പേരുകൾ മാത്രം മാറുന്ന ഒരേ കോളനികൾ  


ഞങ്ങടെ വീടുകൾ കണ്ടിട്ടുണ്ടോ

ഒരേ ഹോളോബ്രിക്സ് കട്ടകൾ

തേക്കാത്ത ചുവരുകൾ 

മോഡേൺ റൂഫ് 

ചാക്കോ സിനിമാ പോസ്റ്ററോ മറച്ച

പാളിയില്ലാത്ത ജനൽ

ആറ് തൊട്ടി തൂങ്ങുന്ന കിണറുകൾ 

നൂറ് കുടങ്ങൾ ഉറങ്ങുന്ന 'പൈപ്പുകൾ


ഇത്രയ്ക്ക് സാമ്യമുള്ള രീതിയിൽ

ഞങ്ങളെയെങ്ങനെ വരച്ചിട്ട ദൈവം

എത്ര വലിയ 'പണി 'ക്കാരനായിരിക്കും

10

ഒരു കഥ പറയാവേ

*********************

പണ്ട് പണ്ട് പണ്ട് കൊറേ പണ്ട്

പൊഴക്കരയിൽ ഒരു നാടുണ്ടായിരുന്നേ

മാനും മാഞ്ചാതിയും ഉണ്ടാരുന്നേ

അവിടെ ഞങ്ങളുണ്ടായിരുന്നേ

നിങ്ങളില്ലായിരുന്നേ

ഞങ്ങളെ കൂട്ടാമോന്ന് ചോദിച്ച് 

നിങ്ങള് വന്നേ 

ഞങ്ങള് പാവായ്രുന്നേ

നിങ്ങളെ ഒത്തിരി വിശ്വാസായിരുന്നേ

പാട്ടും പറച്ചിലും വച്ചേ

നമ്മളൊരു കളി കളിച്ചേ 


നിങ്ങള് തോലിനാത്ത് ഒളിച്ച് 

ഒരു ഭാഷകൊണ്ടു വന്നേ

ഞങ്ങടെ പാട്ടും പറച്ചിലും

 അതിലിട്ട് കുട്ടിക്കൊഴച്ചേ

നിങ്ങള് ഞങ്ങടെ ഭാഷ കട്ടെടുത്തേ

നിങ്ങള് അന്ന് ഞങ്ങളെപ്പറ്റിച്ചേ 


 പിന്നേം കളിക്കാൻ വന്നേ 

പാട്ട് ഞങ്ങള് മാറ്റിയേ

പറച്ചിലും മാറ്റിയേ

അപ്പാഴുണ്ടല്ലോ

നിങ്ങടെ മണ്ടയിലാ ചവിട്ടിയേന്ന് നിങ്ങക്ക് തോന്നിയേ

ഇപ്പോ നിങ്ങള് പറയുവാ

കള്ളക്കളിയെന്ന്

ആരാ കള്ളൻമാരെന്ന് എല്ലാർക്കുമറിയാവേ

        മണ്ണ്
      ---------------

തല കുനിച്ചാണ് ചാച്ചൻ കയറി വന്നത് 

ഓര് സമ്മതിക്കില്ല കാളീ 

ഓളെ ഇവിടിടാൻ 


ചാച്ചന്റെ പെങ്ങൾ നാണി മാമി കർക്കിടകം നിൽക്കാൻ മെനഞ്ഞാന്നാണ് വൈക്കത്തിന്ന് വന്നത് 

രാത്രി വലിവ് കൂടി രാവിലെ മാമി പോയി


വള്ളമിറക്കി മാമിയെ കിടത്തി

ചാച്ചൻ വലിയൊരു കല്ലെടുത്ത് തുഞ്ചത്ത് വച്ചപ്പോൾ

എന്തിനാന്ന് ചോദിക്കാൻ മനസ് വന്നില്ല

ചാച്ചന്റെ മുഖം കല്ലിനെക്കാൾ കറുത്തിരുന്നു


ഞാൻ നാണി മാമിയെ ഒന്ന് നോക്കി മാമി ചിരിച്ചോണ്ടാണ് കിടക്കുന്നതെന്ന് തോന്നും

ഒടിഞ്ഞ പല്ല് തെളിഞ്ഞ് കാണാം

അറിയാതെ ഞാൻ കവിളിൽ തൊട്ടു മിനിഞ്ഞാന്ന് വന്നപ്പോൾ ഒരു കടി തന്നിരുന്നു


വള്ളം വട്ടക്കായലിലെത്തി 

ചാച്ചൻ കല്ല് വെച്ച് മാമിയെ കെട്ടാൻ തുടങ്ങി

വിങ്ങിപ്പൊട്ടിയ എന്നെ നോക്കി 

ചാച്ചൻ അലറി കരയരുത് 

കനലായ് നെഞ്ചിൽ കിടക്കണം


മാമിയെ പടിയിലെടുത്ത് വച്ച് 

കായലിലോട്ട് തള്ളി

അവസാന ചിരി എന്നെ ചിരിച്ച് കാണിച്ച്

മാമി മറഞ്ഞു.


തിരികെ തുഴയുമ്പോൾ എന്നെ ചേർത്ത് പിടിച്ച് ചാച്ചൻ പറഞ്ഞു

മക്കള് മറക്കല്ലിത് മക്കളോടും അവരുടെ മക്കളോടും പറയണം

ചാച്ചന്റെ കണ്ണീർ എന്റെ ചെവി പൊള്ളിച്ചോണ്ടിരുന്നു 

മറക്കില്ല മറക്കില്ല എന്ന് ഞാൻ പറഞ്ഞോണ്ടിരുന്നു

12

Comments