കവിതകൾ

മലബാറികൾ

- - - - - - - - - - - - - - 

അവർ മലബാറികൾ

മനുഷ്യന്റെ തല കൊണ്ട് 

സെവൻസ് ഫുട്ബോൾ കളിക്കുന്നവർ

ഓം കാളി വിളിച്ച് വെട്ടിക്കൊല്ലുന്നവർ

കല്യാണകുറി അടയാള ചുംബനമാക്കുന്നവർ

ദിനവും കണ്ടെഴുന്നേൽക്കുന്നവനെ

കൊല്ലുന്നതെന്തിനെന്നറിയാതെ

പരസ്പരം ആരാന്റെ വാക്കിന് വാളോങ്ങുന്നവർ.


അല്ലയോ സ്നേഹിതാ

വഴിയരികിലെ 

വെയ്റ്റിംഗ് ഷെഡോ

രക്ത കളറിലെ സ്തൂപമോ അല്ല

ജീവിച്ചിരിക്കുന്ന

അച്ഛനും മകനും സഹോദരനുമൊക്കെയാണ് 

നാടിനും വീടിനുമാവശ്യം.



അവൾക്കൊപ്പം

-----------------------

ചന്നം പിന്നം മഴ പെയ്യുന്ന സായാഹ്നങ്ങളിൽ അവൾക്കൊപ്പം

ചെരുപ്പിടാതെ വരമ്പിലൂടെ നടന്ന് ചെന്ന് ഒരു മോട്ടോർ തറയിൽ 

പോയിരിക്കണം.


വെള്ളം തേകി നിറച്ച് 

വിത്തെറിഞ്ഞ്, ഞാറ് നട്ട് കൊയ്തെടുത്ത്

അറ നിറച്ച ഒരു കറുത്ത കടലിനെ .

കിനാവ് കാണണം


അപ്പോൾ കാലിലൂടെ തണുപ്പിനൊപ്പം

ഒരു തരിപ്പ് കയറി വന്ന് ഉടലാകെ പൂത്തൂലയുന്നതായി തോന്നും, 


പെട്ടന്ന് വിയർപ്പ് മണങ്ങൾ തലച്ചോറിലേയ്ക്ക് ഇരച്ച് കയറുമ്പോൾ കണ്ണ് തുറന്ന് മുന്നിൽ നിൽക്കുന്ന

ആ ബലിഷ്ഠമായ ദേഹത്തെ നോക്കി അച്ചാച്ചാ എന്ന് വിളിക്കണം 


നൂറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് 

ആ വിളി എത്തണം 

അവിടെ കരിങ്കടലിൽ നിന്നും 

കുഞ്ഞോനേ എന്ന് നെഞ്ച് പൊട്ടിയുള്ള നിലവിളി  

വടക്കൻ കാറ്റിനൊപ്പം

ഞങ്ങളെ തഴുകി കടന്ന് പോകണം 


അതിൽ ഞാറിന് പിഴിഞ്ഞ് കൊടുത്ത മുലപ്പാലുകളുടെ മണം ഉണ്ടായിരിക്കണം

അത് കിട്ടാതെ വരമ്പിൽ കിടന്ന് ഉറുമ്പരിച്ച കുഞ്ഞുങ്ങളുടെ നിലവിളി ഉണ്ടായിരിക്കണം


തിരികെ നടക്കുമ്പോൾ ഒരഗ്നി ഉള്ളിൽ അണയാതിരിക്കാൻ.

അവളെ ചേർത്ത് പിടിക്കണം.

Comments